
കാഡിസ് താരം എസ്പിനോയും ബാർസ താരം ഡെംബെലെയും പന്തിനായി മത്സരിക്കുന്നു.
ബാർസിലോന ∙ കഷ്ടകാലം ബാർസിലോനയെ വിട്ടൊഴിയുന്നില്ല. ഐൻട്രാക്റ്റിനോടു തോറ്റ് യൂറോപ്പ ലീഗ് ഫുട്ബോളിൽ നിന്നു പുറത്തായതിനു പിന്നാലെ സ്പാനിഷ് ലീഗിൽ കുഞ്ഞൻ ക്ലബ്ബായ കാഡിസിനോടും ബാർസ തോറ്റു (0–1). രണ്ടും സ്വന്തം മൈതാനമായ നൂകാംപിൽ! കാഡിസിനെതിരെ കളിയുടെ മുക്കാൽ പങ്കും പന്തവകാശം വച്ചിട്ടും ബാർസയ്ക്കു ഗോളടിക്കാനായില്ല. 48–ാം മിനിറ്റിൽ ലൂക്കാസ് പെരസ് നേടിയ ഗോളിൽ കഡിസ് അവിസ്മരണീയ വിജയം സ്വന്തമാക്കുകയും ചെയ്തു. പോയിന്റ് പട്ടികയിൽ ബാർസ 2–ാം സ്ഥാനത്തു തന്നെയാണെങ്കിലും ഒന്നാമതുള്ള റയലുമായുള്ള അകലം 15 പോയിന്റ്.
നാപ്പോളിക്ക് സമനില
റോം ∙ നാപ്പോളിയുടെ ഇറ്റാലിയൻ സീരി എ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടി. ഇൻജറി ടൈമിൽ നേടിയ ഗോളിൽ റോമ അവരെ സമനിലയിൽ പിടിച്ചു (1–1). സ്റ്റെഫാൻ എൽഷരാവിയാണ് നിമിഷങ്ങൾ ശേഷിക്കേ (90+1) ചെന്നായ്ക്കൂട്ടം എന്നറിയപ്പെടുന്ന റോമയ്ക്കു വേണ്ടി ഗോൾ നേടിയത്. 11–ാം മിനിറ്റിൽ ക്യാപ്റ്റൻ ലൊറൻസോ ഇൻസിനെയുടെ ഗോളിൽ നാപ്പോളി മുന്നിലെത്തിയിരുന്നു. സമനില വഴങ്ങിയതോടെ പോയിന്റ് പട്ടികയിൽ മിലാനും ഇന്ററിനും പിന്നിലായിപ്പോയി നാപ്പോളി.
😳😳
LikeLike